This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെമിക്കല്‍ ലബോറട്ടറി ഉപകരണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെമിക്കല്‍ ലബോറട്ടറി ഉപകരണങ്ങള്‍

കെമിക്കല്‍ ലബോറട്ടറി ഉപകരണങ്ങള്‍

Chemical Laboratory Equipments

കെമിക്കല്‍ ലബോറട്ടറിയില്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍. ലബോറട്ടറിയിലെ നിരവധി ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഗ്ലാസ്സുപകരണങ്ങളാണ്. ഓരോ പ്രത്യേക മേഖലയിലെയും പ്രവര്‍ത്തനത്തിനു യോജിച്ച പ്രത്യേകോപകരണങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഒരു സാധാരണ കെമിക്കല്‍ ലബോറട്ടറിയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ താഴെക്കൊടുക്കുന്നു.

ടെസ്റ്റ്ട്യൂബ്. ഒരറ്റം മാത്രം തുറന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ഗ്ലാസ്കുഴലാണ് ടെസ്റ്റ്ട്യൂബ്. പല നീളത്തിലും വ്യാപ്തിയിലുമുള്ള ടെസ്റ്റ്ട്യൂബുകള്‍ ലഭ്യമാണ്. ഒരു സാധാരണ ടെസ്റ്റ് ട്യൂബിന് 15-20 സി.സി. വ്യാപ്തമുണ്ടാകും. 2-3 സെ.മീ. ആയിരിക്കും അതിന്റെ വ്യാസം. 40-50 സി.സി. വ്യാപ്തമുള്ള ബോയ്ലിങ് ട്യൂബുകള്‍ എന്നറിയപ്പെടുന്ന വലിയ ട്യൂബുകളും ലബോറട്ടറികളില്‍ ഉപയോഗിച്ചുവരുന്നു. കുറഞ്ഞ അളവില്‍ പദാര്‍ഥങ്ങളുപയോഗിച്ചു പരീക്ഷണങ്ങള്‍ നടത്താന്‍ നന്നേ ചെറിയ ടെസ്റ്റ്യൂബുകള്‍ ഉപയോഗിക്കുന്നു. ടെസ്റ്റ്ട്യൂബില്‍ എടുക്കുന്ന ദ്രാവകത്തിന്റെ വ്യാപ്തം കൃത്യമായറിയാന്‍ കഴിയുന്ന അംശാങ്കനം ചെയ്ത ടെസ്റ്റ്ട്യൂബുകളുണ്ട്. അടിഭാഗം കൂര്‍ത്ത പ്രത്യേകതരം ട്യൂബുകള്‍ സെന്‍ട്രിഫ്യൂഗ് ട്യൂബുകള്‍ ആയി ഉപയോഗിക്കപ്പെടുന്നു.

ആകൃതിയില്‍ നീളം കൂടിയ യൂഡിയോ മീറ്റര്‍ ട്യൂബുകള്‍ പരീക്ഷണങ്ങളില്‍ ലഭിക്കുന്ന വാതകങ്ങളുടെ വ്യാപ്തം നിര്‍ണയിക്കുന്നതിന് ഉപയോഗിക്കുന്നവയും അംശാങ്കനം ചെയ്തവയും ആണ്. 50 സി.സി., 100 സി.സി തുടങ്ങി പല വ്യാപ്തങ്ങളിലുള്ള യൂഡിയോമീറ്റര്‍ ട്യൂബുകളുണ്ട്.

കുപ്പി. ഒരു രസതന്ത്രലബോറട്ടറിയില്‍ പല തരത്തിലും അളവിലും ആകൃതിയിലുമുള്ള ധാരാളം കുപ്പികളുണ്ടായിരിക്കും. പരീക്ഷണങ്ങള്‍ക്കു വേണ്ട രാസപദാര്‍ഥങ്ങള്‍ തയ്യാറാക്കി വയ്ക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. ലായനികളോ ദ്രാവകങ്ങളോ കൈകാര്യം ചെയ്യാനുപയോഗിക്കുന്ന കുപ്പികള്‍ സാധാരണയായി വാവട്ടം കുറഞ്ഞവയാണ്. ഖരപദാര്‍ഥങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന കുപ്പികളുടെ വാവട്ടം വലുതുമായിരിക്കും. ഇവയ്ക്കെല്ലാം പ്രത്യേകം തയ്യാറാക്കിയ അടപ്പുകളുമുണ്ട്. തല തിരിച്ചുപിടിച്ചാലും ദ്രാവകം പുറത്തുപോകാത്തവിധത്തില്‍ മുറുക്കി അടയ്ക്കാവുന്ന ഗ്ലാസ് അടപ്പുകളും ഇവയ്ക്കുണ്ട്. 100 സി.സി., 250 സി.സി., 500 സി.സി. 1000 സി.സി. തുടങ്ങി പല വ്യാപ്തങ്ങളിലുള്ളവയാണ് ഈ കുപ്പികള്‍.

2-3 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന വായ് കുടുസായ 'വിന്‍ചെസ്റ്റര്‍ കുപ്പികള്‍' ലായനികള്‍ ദീര്‍ഘനാള്‍ സൂക്ഷിച്ചു വയ്ക്കുന്നതിന് ഉപയോഗിക്കുന്നു. ലബോറട്ടറികളിലെ കുപ്പികള്‍ സാധാരണയായി നിറമില്ലാത്തവയാണ്; എന്നാല്‍ ചില പ്രത്യേകതരം രാസവസ്തുക്കള്‍ സൂക്ഷിക്കാന്‍ തവിട്ടുനിറമുള്ള കുപ്പികള്‍ ഉപയോഗിക്കുന്നു. അടപ്പിന്നിടയിലൂടെ ദ്രാവകം തുള്ളിത്തുള്ളിയായി വീഴ്ത്താനുള്ള സംവിധാനം ഈ കുപ്പികള്‍ക്കുണ്ട്.

ബര്‍ണര്‍. പദാര്‍ഥങ്ങള്‍ ചൂടാക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബുണ്‍സണ്‍ ബര്‍ണര്‍. കനംകൂടിയ ഒരു ലോഹാധാരവും നീണ്ടു സിലിണ്ടറാകൃതിയിലുള്ള ഒരു ബാരലും വായുവിനെ നിയന്ത്രിക്കാനുള്ള റെഗുലേറ്ററുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ഗ്യാസ് പ്ളാന്റില്‍ നിന്നുള്ള സ്രോതസ്സിനോട് ആധാരത്തിലുള്ള കുഴല്‍ ഘടപ്പിച്ച് ബാരലിനു മുകളിലെത്തുന്ന വാതകത്തെ കത്തിക്കാന്‍ കഴിയും.

ബുണ്‍സണ്‍ ബര്‍ണറിനു പുറമേ മറ്റുതരം ബര്‍ണറുകളും രസതന്ത്ര ലബോറട്ടറികളില്‍ ഉപയോഗിച്ചുവരുന്നു. ആധുനിക ലബോറട്ടറികളില്‍ വൈദ്യുത ഹീറ്ററുകളാണ് മിക്കവാറും ഉപയോഗിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍പ്പെടുന്ന ഒന്നാണ് ഇലക്ട്രിക്ബര്‍ണര്‍.

ബര്‍ണര്‍ ജ്വാലയുടെ മുകളില്‍വച്ച് പാത്രങ്ങള്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്നതാണ് മുക്കാലി (Tripod). ഫ്ളാസ്ക്, ബീക്കര്‍ മുതലായ ഗ്ലാസ് ഉപകരണങ്ങള്‍ നേരിട്ടു ജ്വാലയില്‍ ചൂടാക്കാറില്ല. മുക്കാലിനു മീതെ വച്ച ഒരു വയര്‍ഗ്വാസിനു മീതെ വച്ചാണ് അവ ചൂടാക്കുന്നത്. ക്രൂസിബിള്‍ ചൂടാക്കുന്നത് വയര്‍ഗ്വാസിനു മീതെ വച്ചല്ല; കളിമണ്ണുകൊണ്ടുണ്ടാക്കിയ ത്രികോണാകൃതിയിലുള്ള ഒരുപകരണം-ക്ളേ പൈപ്ട്രയാങ്കിള്‍-ഇതിനുപയോഗിക്കുന്നു.

സ്റ്റാന്‍ഡ്. ബ്യൂറെറ്റ്, ഫ്ളാസ്ക് തുടങ്ങിയ ഉപകരണങ്ങളെ ആവശ്യമായ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നതിനു സ്റ്റാന്‍ഡുകളും ക്ലിപ്പുകളും ആവശ്യമാണ്. ഇവ പൊതുവേ ലോഹനിര്‍മിതങ്ങളാണ്; തടികൊണ്ടു നിര്‍മിച്ചവയും ഉണ്ട്. ടെസ്റ്റ് ട്യൂബ് പിടിച്ച് തീയില്‍ ചൂടാക്കാന്‍ ലോഹനിര്‍മിതമായ ഒരുപകരണം (testtube holder) ഉപയോഗിക്കുന്നു. ക്രൂസിബിള്‍, ചൈനാഡിഷ് തുടങ്ങിയ ചൂടുള്ള പാത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ് കൊടില്‍ (tongs). അപകടകരങ്ങളായ രാസവസ്തുക്കള്‍ കോരിയെടുക്കുന്നതിന് ലോഹനിര്‍മിതമായ കരണ്ടികള്‍ (സ്പാറ്റുല) ഉപയോഗിക്കുന്നു. ഇപ്പോള്‍ പ്ളാസ്റ്റിക് സ്പാറ്റുലകളും ലഭ്യമാണ്.

മോര്‍ട്ടറും പെസിലും. ഖരവസ്തുക്കള്‍ മിശ്രണം ചെയ്യേണ്ടിവരുമ്പോഴും ഖരവസ്തുക്കള്‍ നല്ലവണ്ണം പൊടിച്ചെടുക്കേണ്ടിവരുമ്പോഴുമാണ് മോര്‍ട്ടറും പെസിലും ഉപയോഗിക്കുന്നത്. ഇവ മിക്കവാറും കളിമണ്ണുകൊണ്ടു നിര്‍മിച്ചവയാണ്.

ഫ്ളാസ്ക്. വിവിധതരം ഫ്ളാസ്കുകള്‍ രസതന്ത്ര ലബോറട്ടറികളില്‍ ഉപയോഗിക്കപ്പെടുന്നു. ഫ്ളാസ്കുകളെ അടിയുരുണ്ടവ, അടി പരന്നവ എന്നിങ്ങനെ രണ്ടായി തിരിക്കാം. ചൂടാക്കാനും മറ്റും ഉപയോഗിക്കുന്ന അടിയുരുണ്ട ഫ്ളാസ്ക് വ്യത്യസ്ത വലുപ്പങ്ങളില്‍ ലഭിക്കും. അടി പരന്നവ കോണികമോ (Conical Flask) അല്ലാത്തവയോ ആയിരിക്കും. 25 സി.സി. മുതല്‍ 2 ലിറ്റര്‍ വരെ വ്യാപ്തമുള്ള കോണിക്കല്‍ ഫ്ളാസ്കുകള്‍ ലബോറട്ടറികളില്‍ ഉപയോഗിച്ചുവരുന്നു.

ബീക്കര്‍. പരിമാണാത്മക പരീക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബീക്കര്‍. അടി പരന്ന സിലിണ്ടര്‍ ആകൃതിലുള്ള ഒരു ഗ്ലാസ്സുപകരണമാണ് ഇത്. പല വ്യാപ്തങ്ങളിലുള്ള ബീക്കറുകള്‍ ഉപയോഗത്തിലുണ്ട്.

ജാര്‍. ദ്രാവക പദാര്‍ഥങ്ങളും ലായനികളും അളക്കാന്‍ അളവു ജാറുകള്‍ ഉപയോഗിക്കുന്നു. അംശാങ്കനം ചെയ്യപ്പെട്ട സിലിണ്ടര്‍ ആകൃതിയിലുളള ഉപകരണങ്ങളാണിവ. വളരെ കൃത്യമായി വ്യാപ്തം അളക്കാന്‍ ഇവ ഉപയോഗിക്കാറില്ല. വ്യത്യസ്ത വലുപ്പങ്ങളിലുള്ള അളവു ജാറുകള്‍ ഉണ്ട്. ഇവ കൂടാതെ വാതകങ്ങള്‍ ശേഖരിക്കുവാനും സൂക്ഷിക്കുവാനും ഉപയോഗിക്കുന്ന ജാറുകളുമുണ്ട്. ചില പ്രത്യേകതരം പരീക്ഷണങ്ങള്‍ക്കുപകരിക്കുന്ന ബെല്‍ജാറുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. മണിയുടെ ആകൃതിയിലുള്ള ജാറുകളാണ് ബെല്‍ജാറുകള്‍. വാതകങ്ങളുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങള്‍ക്ക് ഇവ ഉപയോഗിക്കുന്നു.

ട്രഫ്. ലായനികള്‍ തയ്യാറാക്കാനും അമ്ലം നേര്‍പ്പിക്കാനും മറ്റുമാണ് ട്രഫുകള്‍ ഉപയോഗിക്കുന്നത്. ഗ്ലാസ് ട്രഫുകള്‍ക്കുപകരം ഇപ്പോള്‍ പ്ലാസ്റ്റിക് ട്രഫുകളും ബക്കറ്റുകളും ഉപയോഗിച്ചുവരുന്നു.

ഗ്ലാസ്റോഡ്, ട്യൂബ്. ലായനികള്‍ ഇളക്കുന്നതിനും മിശ്രണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഗ്ലാസ് ദണ്ഡുകളാണു ഗ്ലാസ് റോഡുകള്‍. പല വലുപ്പത്തിലുള്ള ഗ്ലാസ്ട്യൂബുകളുണ്ട്. ട്യൂബുകളെ കൂട്ടിയിണക്കുന്നതിനു റബ്ബര്‍ട്യൂബുകളും ആവശ്യമാണ്. അതുപോലെതന്നെ ഫ്ളാസ്കുകള്‍ അടയ്ക്കാന്‍ കോര്‍ക്കുകളും വേണം. മരക്കോര്‍ക്കുകളും റബ്ബര്‍കോര്‍ക്കുകളുമുണ്ട്. കോര്‍ക്കുകളില്‍ തുളയുണ്ടാക്കി ഗ്ലാസ്ട്യൂബുകള്‍ കടത്തിവയ്ക്കാം. ഇത്തരത്തില്‍ വിവിധ ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത അസംബ്ലികള്‍ ഓരോ പ്രത്യേക പരീക്ഷണത്തിനും ആവശ്യമായ രീതിയില്‍ തയ്യാറാക്കാം. അടിപരന്ന ഒരു ഫ്ളാസ്ക്, കോര്‍ക്ക്, ഗ്ലാസ്ട്യൂബ്, റബ്ബര്‍ട്യൂബ് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ഒന്നാണ് വാഷ്ബോട്ടില്‍. ലബോറട്ടറി ഉപകരണങ്ങളും മറ്റും കഴുകാന്‍ ഇത് ഉപയോഗിക്കുന്നു.

വാച്ച് ഗ്ലാസുകള്‍. പരീക്ഷണത്തിനുള്ള ലായനികള്‍ എടുത്ത ബീക്കറുകളും മറ്റും അടച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്നവയാണ് വാച്ച് ഗ്ലാസ്സുകള്‍. ഉത്തലമായ പ്രതലത്തോടുകൂടിയ വൃത്താകൃതിയിലുള്ള ഗ്ലാസ് ഉപകരണങ്ങളാണിവ.

ലബോറട്ടറികളില്‍ വാതകങ്ങള്‍ നിര്‍മിക്കുമ്പോള്‍ അവയില്‍ മിക്കപ്പോഴും ജലാംശമുണ്ടായിരിക്കും. ഇതു നീക്കുന്നതിനു പ്രത്യേകാകൃതിയിലുള്ള ശുഷ്കന ടവറുകളുണ്ട്. വായുവിലെ ജലബാഷ്പം നീക്കാനും പരീക്ഷണങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ജലബാഷ്പത്തിന്റെ അളവു നിര്‍ണയിക്കാനും കാത്സ്യംക്ലോറൈഡ് നിറയ്ക്കുന്ന U ട്യൂബുകള്‍ ഉപയോഗിക്കുന്നു.

കിപ്പ് ഉപകരണം. രസതന്ത്ര ലബോറട്ടറികളില്‍ ഹൈഡ്രജന്‍സള്‍ഫൈഡ്, കാര്‍ബണ്‍ഡയോക്സൈഡ് എന്നീ വാതകങ്ങള്‍ ആവശ്യമുള്ളപ്പോള്‍ മാത്രം നിര്‍മിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കിപ്പ് ഉപകരണം.

കണ്ടന്‍സര്‍. ഇത് സ്വേദനം പോലുള്ള പ്രക്രിയകളില്‍ ഉപയോഗിക്കുന്നു. പുറത്തേ കുഴലില്‍ക്കൂടി തണുത്തജലം പ്രവഹിപ്പിച്ച് അകത്തേ കുഴലിലൂടെ പ്രവഹിക്കുന്ന വാതകങ്ങള്‍ തണുപ്പിച്ചു ദ്രാവകമാക്കുന്ന ഉപകരണമാണ് ലീബിഗ് കണ്ടന്‍സര്‍. പരിഷ്കരിച്ച പലതരം കണ്ടന്‍സറുകളും ഇന്നു ലബോറട്ടറികളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫണല്‍. ഖരവസ്തുക്കളെ ദ്രാവകത്തില്‍ നിന്ന് അരിച്ചുമാറ്റാന്‍ ഫണല്‍ ഉപയോഗിക്കുന്നു. പല വലുപ്പത്തിലുള്ള ഫണലുകള്‍ പ്രയോഗത്തിലുണ്ട്. അനുയോജ്യമായതരം അരിപ്പു കടലാസുകള്‍ ഉപയോഗിച്ച് ഇവയുടെ സഹായത്തോടെ ഖരവസ്തുക്കളെ അരിച്ചുമാറ്റാം. കുറഞ്ഞ വായുമര്‍ദം ഉപയോഗിച്ച് അരിക്കല്‍ നടത്താന്‍ പറ്റിയ പ്രത്യേകതരം ഫണലുകളും ഫ്ളാസ്കുകളുമുണ്ട്. ഇവയിലൊന്നാണ് ബുക്നല്‍ ഫണല്‍. ചിലപ്പോള്‍ ചൂടുള്ള ലായനികള്‍ അരിച്ചെടുക്കേണ്ടിവരും. സാധാരണ രീതിയില്‍ അരിച്ചാല്‍ തണുത്തുപോകുന്നതുകൊണ്ട് ലയിച്ചുകിടക്കുന്ന പദാര്‍ഥങ്ങള്‍ പുറത്തുവരും. അത്തരം സന്ദര്‍ഭങ്ങളില്‍ ചൂടുവെള്ള അരിപ്പകള്‍ (hot water funnels) ഉപയോഗിക്കുന്നു.

അരിപ്പുകടലാസ്സിന്റെ സഹായമില്ലാതെതന്നെ അരിക്കാന്‍ കഴിയുന്ന ഫണലുകളുമുണ്ട്. ഉദാ. സിന്റേര്‍ഡ് ഫണല്‍.

വ്യാപ്തമാന-ഉപകരണങ്ങള്‍. ഒരു നിശ്ചിത വ്യാപ്തം ലായനി കൃത്യമായി ഉണ്ടാക്കിയെടുക്കുകയോ അളന്നെടുക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ ഇവ ഉപയോഗിക്കുന്നു. ഒരു ലായനി നിശ്ചിതവ്യാപ്തം വരെ നേര്‍പ്പിച്ചെടുക്കുന്നതിന് വ്യാപ്തമാപന ഫ്ളാസ്ക് ഉപയോഗിക്കുന്നു. ഈ ഫ്ളാസ്കിന്റെ കഴുത്തിലുള്ള അടയാളം വരെ ലായനി എടുത്താല്‍ ഫ്ളാസ്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്ര ലായനി ആയി. 25 സി.സി., 50 സി.സി., 100 സി.സി. എന്നിങ്ങനെ പല വ്യാപ്തങ്ങളിലുള്ള വ്യാപ്തമാപന ഫ്ളാസ്കുകളുണ്ട്.

ഒരു നിശ്ചിതവ്യാപ്തം ലായനി അളന്നെടുക്കുവാന്‍ പിപ്പറ്റ് ഉപയോഗിക്കുന്നു. നീണ്ട ഒരു കുഴലിന്റെ മധ്യഭാഗം ഒരു ബള്‍ബുപോലെ വീര്‍പ്പിച്ചതാണ് പിപ്പറ്റ്. പിപ്പറ്റ് ഉപയോഗിച്ച് അളന്നെടുക്കാവുന്ന വ്യാപ്തം അതിന്റെ ബള്‍ബില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ബള്‍ബിന്റെ മുകളിലുള്ള കുഴലിലെ അടയാളം വരെ ദ്രാവകമെടുത്താല്‍ അത് ഇത്തരത്തില്‍ രേഖപ്പെടുത്തിയ വ്യാപ്തമായി. 1 സി.സി., 2 സി.സി., 5 സി.സി. തുടങ്ങി 100 സി.സി. വരെ വ്യാപ്തമുള്ള പിപ്പറ്റുകള്‍ ഉണ്ട്. അംശാങ്കനം ചെയ്ത പിപ്പറ്റുകളും ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു.

ഒരു നിശ്ചിത വ്യാപ്തം ദ്രാവകം അളന്നൊഴിക്കാന്‍ ഉപയോഗിക്കുന്നതാണ് ബ്യൂററ്റ്. അംശാങ്കനം ചെയ്ത നീണ്ട ഒരു ഗ്ലാസ് കുഴലാണിത്. അടിഭാഗത്ത് ഒരു നോസിലും അടപ്പും ഉണ്ട്. ഇതുവഴി ആവശ്യമുള്ള ദ്രാവകം ഒഴുക്കിയെടുക്കാം. അളന്നെടുക്കുന്നതിനുമുമ്പും അതിനുശേഷവും ഉള്ള ദ്രാവകവിതാനങ്ങളില്‍ നിന്ന് ഉപയോഗിച്ച ദ്രാവകത്തിന്റെ വ്യാപ്തം കണക്കാക്കാം. 0.01 സി.സി. വരെ കൃത്യതയോടെ അളന്നെടുക്കാന്‍ കഴിയുന്ന മൈക്രോബ്യൂററ്റുകളും ഉപയോഗത്തിലുണ്ട്.

ക്രൂസിബിള്‍, ചൈനാഡിഷ്. ചീനക്കളിമണ്ണു കൊണ്ടുണ്ടാക്കിയവയാണ് ഈ ഉപകരണങ്ങള്‍. ഖരവസ്തുക്കള്‍ ചൂടാക്കുന്നതിനും ലായനികള്‍ തിളപ്പിച്ചു വറ്റിക്കുന്നതിനും ചൈനാഡിഷ് ഉപയോഗിക്കുന്നു. ഭാരമാപന പരീക്ഷണങ്ങളിലാണ് ക്രൂസിബിളിന്റെ ഉപയോഗം. പദാര്‍ഥങ്ങള്‍ കരിക്കുന്നതിനും ചൂടാക്കുന്നതിനും ഇതുപയോഗിക്കുന്നു. മണ്‍ക്രൂസിബിളുകളെക്കാള്‍ ചൂടു താങ്ങാന്‍ കഴിയുന്ന സിലിക്കക്രൂസിബിളുകളാണ് ഇന്നു കൂടുതല്‍ ഉപയോഗിക്കുന്നത്. നിക്കല്‍, പ്ളാറ്റിനം ക്രൂസിബിളുകളും രസതന്ത്ര ലബോറട്ടറികളില്‍ ഉപയോഗിച്ചുവരുന്നു.

ഡെസിക്കേറ്റര്‍. നീരാവി അടിഞ്ഞുകൂടാന്‍ സമ്മതിക്കാതെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഡെസിക്കേറ്ററുകള്‍. നീരാവിയെ അവശോഷണം ചെയ്തു നീക്കാന്‍ കഴിവുള്ള നിര്‍ജലീകാരകങ്ങള്‍ ഇതില്‍വച്ചിരിക്കും. ഡെസിക്കേറ്ററില്‍ രാസവസ്തുക്കള്‍ നീരാവി മുക്തമായി സൂക്ഷിക്കാന്‍ കഴിയും.

തിളനില, ഉരുകല്‍നില ഉപകരണങ്ങള്‍. ഖരവസ്തുക്കളുടെ ഉരുകല്‍നില കണ്ടുപിടിക്കുന്നതിനു ബര്‍ണര്‍കൊണ്ടും വൈദ്യുതികൊണ്ടും പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങള്‍ ഉണ്ട്. തിളനില നിര്‍ണയിക്കുന്നതിനും ദ്രാവകങ്ങളെ സ്വേദനം ചെയ്യുന്നതിനും സ്വേദനഫ്ളാസ്ക് ഉപയോഗിക്കുന്നു. ഇത്തരം സംവിധാനങ്ങളിലെ മുഖ്യഘടകമാണു താപമാപിനി (Thermometer).

തെര്‍മോമീറ്റര്‍. താപനില അളക്കുന്നതിനുള്ള ഉപകരണമാണ് തെര്‍മോമീറ്റര്‍. രസതന്ത്രപരീക്ഷണങ്ങളില്‍ പലപ്പോഴും രണ്ടു താപനിലകള്‍ തമ്മിലുള്ള വ്യത്യാസമാണ് അളക്കേണ്ടിവരിക. അതിനു പറ്റിയ പ്രത്യേകതരം സൂക്ഷ്മ തെര്‍മോമീറ്ററുകളുണ്ട്. ഉദാ. ബൈറ്റ്മാന്‍ തെര്‍മോമീറ്റര്‍. വിവിധ താപനിലകളുടെ പരിധികളെ തിട്ടപ്പെടുത്തുന്നതിനുള്ള സൂക്ഷ്മതയേറിയ ധാരാളം തെര്‍മോമീറ്ററുകള്‍ രസതന്ത്ര ലബോറട്ടറികളില്‍ ഉപയോഗിക്കുന്നു.

ബാലന്‍സ് (ത്രാസ്). ഭാരനിര്‍ണയത്തിനുപയോഗിക്കുന്നതാണ് ബാലന്‍സ്. ആവശ്യമായ കൃത്യതയ്ക്കനുയോജ്യമായ വിവിധതരം ബാലന്‍സുകളുണ്ട്. കൂടുതല്‍ കൃത്യതയുള്ള വൈദ്യുത ബാലന്‍സുകളും ഒറ്റത്തട്ടുള്ള ബാലന്‍സുകളും ആധുനിക ലബോറട്ടറികളില്‍ ഉപയോഗിക്കുന്നു.

മറ്റുപകരണങ്ങള്‍. പദാര്‍ഥങ്ങളുടെ സവിശേഷ സ്വഭാവങ്ങള്‍ നീരീക്ഷിക്കുകവഴി പദാര്‍ഥങ്ങളെ കണ്ടെത്താനും പരിണാമാത്മകമായി നിര്‍ണയിക്കാനും പദാര്‍ഥങ്ങളുടെ പരിശുദ്ധി മനസ്സിലാക്കാനും മറ്റും നിരവധി ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിദ്യുച്ചാലകത അളക്കാനുള്ള 'കണ്ടക്റ്റോമീറ്റര്‍', പൊട്ടെന്‍ഷ്യന്‍ വ്യത്യാസം അളക്കുന്ന 'പൊട്ടെന്‍ഷ്യോമീറ്റര്‍', തന്മാത്രകളുടെ ആന്തരിക ഘടന മനസ്സിലാക്കിത്തരുന്ന 'സ്പെക്ട്രോ മീറ്റര്‍', ലായനികളുടെ അമ്ലത അളക്കുന്ന 'പി.എച്ച്. മീറ്റര്‍', മിശ്രിതത്തിലെ ഘടകങ്ങളെ വെവ്വേറെ മനസ്സിലാക്കാനും, നിര്‍ണയിക്കാനും സഹായിക്കുന്ന 'ഗ്യാസ്ക്രോമാറ്റോഗ്രാഫ്' എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.

(പി.കെ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍